Huwaei Honour 5x – A Premium Phone at Lowest Price

 

ഹുവായ് ഓണര് 5 എക്സ് കുറഞ്ഞ വിലയിൽ ഹുവായിൽ നിന്നും ഒരു പ്രീമിയം ഫോൺ. 12999 രൂപയാണ് ഇതിന്റെ വില. ഈ വിലക്ക് വളരെ മികച്ച ഫീച്ചറുകളും സൗകര്യങ്ങളുമാണ് ഓണര് 5എക്സിൽ ഹുവായ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെറ്റൽ ബോഡി, 3000 എംഎഎച് ബാറ്ററി, ഫുൾ എച്ഡി 5.55 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ, വേഗമേറിയ വിരലടയാള സെൻസർ, ഇരട്ട സിം സ്ലോട്ട് എന്നിവയാണ് ഓണര് 5എക്സിന്റെ പ്രധാന സവിശേഷതകൾ. ചുരുക്കി പറഞ്ഞാൽ “വിലയോ തുച്ചം ഗുണമോ മെച്ചം”.
മികച്ച ഡിസ്പ്ലേ ഇല്ല്ല എന്നത് മിക്ക മീഡിയം റേഞ്ച് സ്മാർട്ട് ഫോണുകളുടെയും ഒരു കുറവാണ്. ആ കുറവ് ഇല്ലാതാക്കാൻ ഹോണർ 5 എക്സിന് കഴിഞ്ഞിട്ടുണ്ട്. 5.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി എൽസിഡി ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. പ്രകാശം കൂടിയ അവസരങ്ങളില് പോലും ദൃശ്യങ്ങള് വളരെ വ്യക്തമായും കളര് വൈബ്രന്സോട് കൂടിയും നല്കാൻ ഈ ഡിസ്പ്ലേക്ക് കഴിയും. ഡിസ്പ്ലേയുടെ മുകളിലായൊരു എല്ഈഡി നോട്ടിഫിക്കേഷന് ലൈറ്റുമുണ്ട്.
ക്വാൽകോമിന്റെ 1.5GHz ഒക്ടാകോർ സ്നാപ്ഡ്രാഗൺ 616 പ്രോസസറം, രണ്ടു ജിബി റാമും, പോരാത്തതിന് അഡ്രീനോ 405 ജിപിയു കൂടെ ആകുമ്പോൾ ഫോണിന്റെ പ്രവർത്തനത്തിൽ ഒരു വേഗകുറവും ഉണ്ടാകില്ല. Asphalt 8: Airborne പോലുള്ള ഗെയിമുകൾ യാതൊരു തടസവും കൂടാതെ സ്മൂത്ത് ആയി ഹോണർ 5 എക്സിൽ കളിക്കാം. ഇന്റെർണൽ മെമ്മറി 16 ജിബിയാണ്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 128 ജിബി ആയി ഉയർത്താവുന്നതുമാണ്.
ഹോണർ 5 എക്സിൽ രണ്ട് സിം സ്ലോട്ടുകൾ ഉണ്ട് . ഒന്ന് മൈക്രോ സിം സ്ലോട്ടും രണ്ടാമത്തേത് നാനോ സിം സ്ലോട്ടുമാണ്. ഇതിൽ നാനോ സിം സ്ലോട്ടിൽ 4 ജി സിം ഉപയോഗിക്കാം. വൈഫൈ, ബ്ലൂടൂത്ത് 4.1 എന്നീ കണക്ടി വിറ്റി സങ്കേതങ്ങളും എഫ് എം റേഡിയോയും ഈ ഫോണിലുണ്ട്.
ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1.1 അടിസ്ഥാനമാക്കിയുള്ള EM UI 3.1 ൽ ഹോണർ 5 എക്സ് പ്രവർത്തിക്കുന്നത്. EM UI അഥവാ Emotional UI ഹുവായുടെ ഒരു കസ്റ്റം യൂസർ ഇന്റർഫേസ് ആണ്. മറ്റ് ആൻഡ്രോയ്ഡ് യൂസർ ഇന്റർഫേസുകളിൽ നിന്നും വ്യത്യസ്തമായി ബാറ്ററി മാനേജ്മന്റ്, കസ്റ്റമൈസബിലിറ്റി എന്നിവയിലാണ് EM UI കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. EM UIടെ ലോഞ്ചർ നിങ്ങൾക്ക് ഇഷ്ടപെട്ടിട്ടില്ലെങ്കിൽ അത് മാറ്റാവുന്നതാണ്. ബാക്ക്ഗ്രൗണ്ടിൽ ബാറ്ററി കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളെ കുറിച്ച് നോട്ടിഫിക്കേഷൻ തരുകയും വേണമെങ്കിൽ അവ ക്ലോസ് ചെയ്യാനും കഴിയും. ഓരോ വേർഷൻ കഴിയുമ്പോളും EM UI കൂടുതൽ മികറ്റതാവുകയാണ് . ഹോണർ 5 എക്സിൽ ആൻഡ്രോയ്ഡ് മാഷ് മെല്ലോയിലേക്ക് ഉള്ള അപ്ഡേറ്റ് ഹുവായ് വാഗ്ദാനം ചെയ്യുന്നുണ്ട്.
വിരലടയാള സ്കാനർ ആണ് ഈ ഫോണിന്റെ വളരെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന്. ഫോണിന്റെ പിറകിൽ ക്യാമറക്ക് താഴെയാണ് സ്കാനറിന്റെ സ്ഥാനം. ഈ വിരലടയാള സ്കാനർ ഉപയോഗിച്ച് ഫോൺ വെറും 0.5 സെക്കന്റ് കൊണ്ട് അൺലോക്ക് ചെയ്യാം എന്നാണ് ഹുവായ് അവകാശപെടുന്നത്. ആറോ ഏഴോ സ്റ്റെപ്പുകൾ വഴി നിങ്ങളുടെ വിരലടയാളം ഫോണിൽ രജിസ്റ്റർ ചെയ്യാം. കോള് അറ്റന്റ് ചെയ്യാനും, ഫോട്ടോയെടുക്കാനും, അലാറം ഓഫാക്കാനും, നോട്ടിഫിക്കേഷന് ബാര് സ്ക്രോള് ചെയ്യാനുമൊക്കെ ഈ ഫിംഗര്പ്രിന്റ് സ്കാനറിലൂടെ സാധിക്കും.
വ്യത്യസ്ത വിരലടയാളങ്ങൾ ഉപയോഗിച്ച് ഫോണിൽ ഇൻസ്റ്റോൾ ചെയ്തിരിക്കുന്ന വ്യത്യസ്ത ആപ്പുകൾ വിരലടയാളം ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യുമ്പോൾ തുറക്കാം. അതിനായി നിങ്ങളുടെ ഓരോ വിരലടയാളങ്ങൾ ആവശ്യമുള്ള ആപ്പുമയി ലിങ്ക് ചെയ്യണം. ഉദാഹരണമായി വലതുകൈയിലെ ചൂണ്ടു വിരൽ യുട്യൂബ് ആപ്പുമായിട്ടാണ് ലിങ്ക് ചെയ്തിരിക്കുന്നതെങ്കിൽ ഈ വിരൽ ഫോൺ അൺലോക്ക് ചെയ്യുമ്പോൾ യുട്യൂബ് ആപ്പ് നേരിട്ട് തുറക്കും.
ഓട്ടോഫോകസ്, f/2.0 aperture, 28 എംഎം വൈഡ് ആംഗിൾ ലെൻസ്, കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഫോട്ടോ എടുക്കാൻ സഹായിക്കുന്ന ബ്ലൂ ഗ്ലാസ് ഇൻഫ്രാറെഡ് ഫിൽറ്റർ, എച്ച്ഡിആര്, സ്ലോ-മോഷൻ, ഒബ്ജക്റ്റ് ട്രാക്കിംഗ് , എൽഇഡി ഫ്ലാഷ് എന്നീ സവിശേഷതകൾ ഉള്ള 13 മെഗാപിക്സൽ പ്രധാന ക്യാമറയും, 5 മെഗാ പിക്സൽ സെൽഫീ ക്യാമറയുമാണ് ഹോണർ 5 എക്സിന് ഹുവായ് നൽകിയിരിക്കുന്നത്.
മീഡിയം റേഞ്ചിൽ ഉള്ള ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് യാതൊരു സംശയവും കൂടാതെ വാങ്ങാവുന്ന ഒരു ഫോൺ ആണ് ഹുവായ് ഹോണർ 5 എക്സ്.


Download Our Android App

Powered by Blogger.